കൺമറഞ്ഞത് പിതൃ തുല്യരായ വല്യുസ്താദ്
മർഹൂം കിടങ്ങഴി ഉസ്താദ് (ന.മ): ഞങ്ങളുടെ ഗുരുവിനെ (പുല്ലൂർ ഉസ്താദ് ) രൂപപ്പെടുത്തിയ ഞങ്ങളുടെ വലിയ ഗുരു. ബഹുമാനവും സ്നേഹവും കൂട്ടിക്കുഴച്ച് ഞങ്ങൾ മനസ്സിനോട് ഒട്ടിച്ചേർത്തുവച്ചവർ.
ഇതുപോലെ ഒരാളെ എൻ്റെ കണ്ണുകൾ കണ്ടിട്ടില്ല.ഒരു ആത്മീയ പണ്ഡിതന്റെ എല്ലാ ഗുണങ്ങളും ഒത്തൊരുമിച്ച മഹാൻ. ഇമാം ഗസ്സാലി (റ) ഇഹ്‌യാഇൽ ആത്മീയ ഗുരുവിന് പറഞ്ഞ എട്ടു ഗുണങ്ങളും സമ്മേളിച്ച ഉത്തമർ. കണ്ടാലും കേട്ടാലും പൂതി തീരാത്ത വാക്കും നോക്കും കൊണ്ട് ആഖിറം ഓർമിപ്പിക്കുന്ന തിരുനബിയുടെ അനന്തരാവകാശി.
സമാനരായി ചൂണ്ടിക്കാണിക്കാൻ അധികമാരുമില്ലാത്ത ഉസ്‌താദിൻ്റെ വഫാതിൻ്റെ നഷ്ടം വ്യക്തികൾക്കും കുടുംബത്തിനുമപ്പുറം ഉമ്മത്തിനാണ്. അല്ലെങ്കിൽ പണ്ഡിത ലോകത്തിനാണ്.
ജബ്ബാറായ റബ്ബ് നമുക്ക് പരിഹാരം നൽകട്ടെ.
അല്ലാഹുവേ ഞങ്ങളുടെ ഗുരുവിനെ അവരുടെ ഇഷ്ടക്കാരോടൊപ്പം നീ ചേർക്കേണമേ.
മഹാനർ സംഘടനാ ഭേദമില്ലാതെ എല്ലാവർക്കും സ്വീകാര്യരായിരുന്നു. എൺപത്തഞ്ചു വർഷം ജീവിച്ചിട്ടും അവിടുത്തെ പാണ്ഡിത്യത്തിന്റെ കനത്തിലും ഇസ്‌തിഖാമത്തിലും ആർക്കും ഒരു തർക്കവും വിയോജിപ്പും പറയാനുണ്ടാവില്ല. സുദീർഘ എഴുത്തുകളും വലിയ പ്രഭാഷണമൊന്നും ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. അത് പാണ്ഡിത്യത്തിന്റെ മാനദണ്ഡമായി ആരും പറഞ്ഞിട്ടുമില്ലല്ലോ.
വണ്ടൂരിലെ താജുൽ ഉലമയുടെ ഇഷ്ട ശിഷ്യരിൽ ഒരാളായിരുന്നു.
അവിടുന്ന് സ്ഥാപിച്ച കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നാല്പതംഗ മുശാവറയുടെ അമരക്കാരനായി തന്നെ അവിടുന്ന് വിടവാങ്ങി.
ബുദ്ധിക്കും ഓർമ്മക്കും യാതൊരു പരിക്കുമേൽക്കാതെ അവസാന ദിവസം വരെ അല്ലാഹുവിൻ്റെ ദീനിൻ്റെ പ്രചാരകരായി ജീവിച്ചു. മുത്ത് റസൂലിന്റെ പേരിൽ കുടുംബത്തെ കൂട്ടി മൗലിദ് ഓതിയതിന് ശേഷം അങ്ങാടിയിൽ പോയി കുട്ടികൾക്ക് ചീരണി വാങ്ങി കൊടുത്ത് സന്തോഷിപ്പിച്ച ഉത്തമ ദിവസത്തിലാണ് ഓർ യാത്രയായത്.
കർമശാസ്ത്ര സരണിയിൽ തൻ്റെ ഗുരുവിൻ്റെ വഴിയാണ് ബഹുമാനപ്പെട്ടവർ സ്വീകരിച്ചത്. ഇത്തിബാഅ് മാനദണ്ഡമായിട്ടുള്ള ഇബാദത്തുകളിൽ മുകല്ലഫിൻ്റെ ശബ്ദവും കേൾവിയും കൃത്രിമവും യന്ത്രവൽകൃതവും ആകരുതെന്നായിരുന്നു ഉസ്താദിന് കിതാബിൽ നിന്ന് മനസ്സിലായത്. ഈ അഭിപ്രായമുള്ളവർ സംഘടനയിൽ പാടില്ലെന്ന് സമസ്ത തീരുമാനിച്ചു. അതിനെ തുടർന്ന് മറ്റൊരു നാല്പതംഗ പണ്ഡിത സഭ രൂപപ്പെടുകയും ഉസ്താദ് അതിൻ്റെ ഭാഗമാവുകയും ചെയ്തു.
ലോകത്ത് എല്ലായിടത്തും ഇത്തരം മൗലികമല്ലാത്ത അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടാറുണ്ട്.വലിയ വാഗ്വാദങ്ങളും ഗ്രന്ഥ രചനകളും ഇപ്പേരിൽ നടക്കാറുണ്ട്.
അത് സ്വാഭാവികവുമാണല്ലോ. പക്ഷേ അവിടെയൊന്നും അതിൻറെ പേരിൽ സംഘടനകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പുറത്താക്കൽ സംഭവിക്കാറില്ല.
മാത്രമല്ല, ഇവിടെ പണ്ഡിത അഭിപ്രായങ്ങൾ ഉമ്മത്തിന് അനുഗ്രഹമാണ് എന്ന് പറയുന്നവർ തന്നെ യാതൊരു ഭൗതിക താൽപര്യങ്ങളെയും സംരക്ഷിക്കാത്ത ഈ അഭിപ്രായമുള്ള നിഷ്കളങ്കരായ മഹാ പണ്ഡിതന്മാരെ ആനയോട് ഉപമിക്കുകയും വിളിച്ച് പരിഹസിക്കുകയും ചെയ്തു.
ഇക്കാരണത്താൽ മാത്രം സ്വന്തം നാട്ടിലെ ജുമുഅയിൽ ഉസ്താദ് പങ്കെടുത്തിരുന്നില്ല. ഉസ്താദിനെ പോലെയുള്ള ഒരാളെ തൃണവൽക്കരിച്ചും മനസ്സ് വേദനിപ്പിച്ചും നടത്തുന്ന ഇബാദത്തിന്റെ അപൂർണ്ണത മനസ്സിലാക്കാനും അവർക്കായില്ല.
സ്വുബ്ഹിക്ക് ഖുനൂത് ഓതണമെന്ന് പറയുന്ന ഇമാം ശാഫിഈ തങ്ങൾ അത് വേണ്ടെന്നു പറയുന്ന ഇമാം അബൂഹനീഫ (റ) അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിൽ നിസ്കരിക്കാൻ ചെന്നപ്പോൾ ഖുനൂത്ത് വേണ്ടെന്നുവച്ച സംഭവം നമ്മുടെ സങ്കുചിത സംഘടനാ ദീനിന് ഉൾക്കൊള്ളാൻ സാധിക്കുന്നതല്ലല്ലോ.
സംഘടന പരിധികൾക്ക് മുകളിൽ ഉസ്താദിൻറെ പാണ്ഡിത്യം ഉയർന്നുനിന്നു. ദർസ് രംഗത്തെ ഏറ്റവും ഉയർന്നതും പ്രയാസമുള്ളതുമായ മഹല്ലിയും ബൈളാവിയും കിതാബ് എടുക്കാതെയായിരുന്നു കിടങ്ങഴി ഉസ്താദ് കുട്ടികൾക്ക് പാഠം എടുത്തിരുന്നത് എന്ന് മാത്രം മനസ്സിലാക്കിയാൽ അവിടുത്തെ അറിവിന്റെ കനം മനസ്സിലാവും.
ഞാൻ എന്റെ ഗുരുവിൽ നിന്ന് മഹല്ലി ഓതുമ്പോൾ ഇടക്കൊരു സ്ഥലത്ത് വെച്ച് ഉസ്താദ് നിർത്തി.ഇവിടെ
ഒരേപോലെയുള്ള രണ്ടു മിൻ ഒരു കലിമത്തിനോട് ബന്ധിക്കുന്നതിലെ ഭാഷാ പ്രശ്നം ഉസ്താദ് മുന്നിൽവെച്ചു. ഞങ്ങളാരും ആ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ഉസ്താദ് പറഞ്ഞു.
വലിയ ഉസ്താദ് ഇവിടെ എനിക്ക് ഓതി തന്നപ്പോൾ ഉസ്താദിൻ്റെ മുന്നിൽ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടു.
മറുപടി കിട്ടാതിരുന്നപ്പോൾ ഉസ്താദ് കിതാബ് പൂട്ടി വെച്ച് ഉടനെ വണ്ടൂർ താജുൽ ഉലമയുടെ അടുത്തേക്ക് ബസ് കയറി. പ്രശ്നം താജുൽ ഉലമയോട് പറഞ്ഞു തുടങ്ങിയപ്പോഴേക്കും സംഗതി മനസ്സിലായ താജുൽ ഉലമാ അതിന്റെ മറുപടി ഒറ്റവാക്കിൽ പറഞ്ഞു.
രണ്ട് ‘മിൻ ( من )’ലെ ഒരു മിൻ അഹദിസ്സബീലൈനിയിലെ ( വുളൂ മുറിയുന്ന കാരണങ്ങൾ പറയുന്ന സ്ഥലത്തുള്ള ) മിൻ ആക്കിയാൽ മതിയല്ലോ എന്നു പറഞ്ഞു.
മറുപടി കേട്ട് സംതൃപ്തനായ ഉസ്താദ്
തിരിച്ചുവന്ന് ക്ലാസ് ബാക്കി ആരംഭിച്ചു.
ഉസ്താദ് പ്രസംഗം നിർത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടുണ്ടാവും. ഉസ്താദ്
യുവത്വകാലത്ത് മണിക്കൂറുകൾ നീണ്ട ഉറുദി പറഞ്ഞിരുന്നു.ലേഖനവും എഴുതിയിരുന്നു.
കിടങ്ങഴി പള്ളിയിൽ വെള്ളിയാഴ്ച ജുമാ കഴിഞ്ഞാൽ അസർ ബാങ്ക് കൊടുക്കും വരെ ഉസ്താദ് വഅള് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നത്ര.
വഫാത്തായ എൻറെ ഗുരുവും ഈയടുത്ത് മരണപ്പെട്ട മരുതയിലെ സിടി ഉസ്താദും ഉസ്താദിൻ്റെ വത്സ ശിഷ്യന്മാരായിരുന്നു.
സാക്ഷാൽ പിതാവിനപ്പുറമായിരുന്നു അവർക്ക് കിടങ്ങഴി ഉസ്താദ് എന്നതിന് ഞങ്ങൾ സാക്ഷികളാണ്.
ഉസ്താദിൻ്റെ പെൺമക്കളുടെ കല്യാണം നിശ്ചയിക്കുന്നതും സ്വർണ്ണം വാങ്ങുന്നതും കല്യാണത്തിന് ഭക്ഷണം തീരുമാനിക്കുന്നതും ആളുകളെ വിളിക്കുന്നതുടക്കം എൻ്റെ ഉസ്താദായിരുന്നു എന്ന് പറഞ്ഞാൽ ഗുരു ശിഷ്യബന്ധത്തിൻ്റെ ആഴത്തിന് ഇതിലപ്പുറം എന്ത് വ്യാഖ്യാനം വേണം.
ഇതിനിടയിൽ ഉസ്താദിനോട് എന്തെങ്കിലും കല്യാണ കാര്യങ്ങൾ ചോദിച്ചാൽ അത് റഹീമിനാണറ്യ, റഹീമോല്യാരോട് ചോദിക്കണം എന്നാണ് ഉസ്താദ് പറയുക.
നൂറുകണക്കിന് ശിഷ്യന്മാരെ വാർത്തുവിട്ട ഞങ്ങളുടെ ഉസ്താദിൻ്റെ ദർസിനും തുടർന്ന് ഉസ്താദിൻ്റെ മക്കളുടെ ദർസിനും ഒരു പേര് ഉണ്ടായിരുന്നില്ല. ബിരുദ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് ദർസിന്റെ പേരിൽ ഔദ്യോഗിക കടലാസ് വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടപ്പോൾ വലിയ ഉസ്താദാണ് ദർസിന് പേരിട്ടത്.
കുറെ ആലോചിച്ചിട്ട് ‘റൗളത്തു ത്വാലിബീൻ എന്ന പേര് സെലക്ട് ചെയ്തു ഉസ്താദ് പ്രഖ്യാപിച്ചു.
ഉസ്താദിൻ്റെ അന്ത്യാഭിലാഷമായിരുന്ന പള്ളിയുടെ നിർമ്മാണ കാര്യങ്ങളുടെ അമരത്ത് പ്രിയ ശിഷ്യൻ മർഹൂം മരുത സി ടി ഉസ്താതായിരുന്നു ഉണ്ടായിരുന്നത്. സി ടി ഉസ്താദിൻറെ അധ്യക്ഷതയിൽ ഞങ്ങൾ പുല്ലൂരിൽ യോഗം കൂടുകയും പള്ളി നിർമാണത്തിലേക്ക് സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അതൊക്കെ കൊണ്ടുതന്നെ പേരമക്കൾക്ക് തുല്യം ഞങ്ങളെ ഉസ്താദ് സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തു.
പള്ളിപ്പണി അതിവേഗം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്നത് ഉസ്താദിൻ്റെ വല്ലാത്ത ആഗ്രഹമായിരുന്നു.
പല കാരണങ്ങളാൽ പൂർത്തിയാക്കാൻ പറ്റിയില്ല. എന്നാലും തൻ്റെ അന്ത്യാഭിലാഷം പോലെ ശിഷ്യന്മാരും ഇഷ്ടക്കാരും ചേർന്ന് ഉസ്താദിന് ഈ പള്ളിയിൽ വച്ച് തന്നെ വിട നിൽക്കുകയും ആ പള്ളിയുടെ മുറ്റത്ത് അന്ത്യവിശ്രമം കൊള്ളാൻ അല്ലാഹു അവസരം കൊടുക്കുകയും ചെയ്തു.
അല്ലാഹു നമ്മെയും ഉസ്താദിനെയും സ്വർഗ്ഗ ലോകത്ത് ഒരുമിച്ച് തരട്ടെ.